തിരുവനന്തപുരത്ത് വനിത സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയ്ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കുമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ കാണാതെയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്‌വെല്ലിന് ആദ്യം മർദ്ദനമേറ്റു. തടയാനായി ചെന്ന എയ്ഞ്ചലിനെയും മർദ്ദിച്ചു. മർദ്ദനമേറ്റു തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു. കഠിനംകുളം പോലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. എയ്ഞ്ചൽ, ഭർത്താവ് ഫിക്സ്‌വെൽ, ഭർതൃസഹോദരൻ മാക്സ്‌വെൽ, ബന്ധുക്കളായ സനോജ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

വികലാംഗനായ മാക്സ്‌വെല്ലിന് കമ്പി കൊണ്ടുള്ള അടിയിൽ കാലിൽ പൊട്ടലുണ്ട്. അനീഷിന് മുഖത്തും തലയിലും കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കഠിനംകുളം പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.

എന്നാൽ പൊലീസ് പോയതിന് ശേഷം 20-ലധികം പേരുമായി എത്തിയ അക്രമിസംഘം സ്ഥാനാർത്ഥിയെയും ബന്ധുക്കളെയും വീണ്ടും ആക്രമിക്കുകയായിരുന്നു. വീടിനുള്ളിൽ കയറിയും മർദ്ദനം തുടരുകയും ചെയ്തു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ലഹരി സംഘത്തെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.