Headlines

ചവറയില്‍ ദളിത് കുടുംബത്തെ മര്‍ദിച്ച സംഭവം: അക്രമി സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍

കൊല്ലം ചവറയില്‍ തിരുവോണ നാളില്‍ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ . കുടുംബത്തെ ആക്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ലഭിച്ചത്. ഒഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം വെളിവാക്കുന്നത് കൂടിയാണ് ഈ ദൃശ്യങ്ങള്‍. ലഹരിസംഘം വീടിന് പിന്‍ഭാഗത്ത് ഒത്തുകൂടിയതായും ലഹരി ഉപയോഗിച്ച് നൃത്തംവയ്ക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊല്ലം ചവറയില്‍ ലഹരിസംഘത്തിന്റെ അക്രമം. സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. 6 വയസ്സുകാരി മുതല്‍ 35 കാരിയ്ക്ക് വരെ ലഹരി സംഘത്തിന്റെ മര്‍ദനത്തിന് ഇരായി. 25 അംഗ സംഘമാണ് അക്രമം നടത്തിയത്. വിരുന്നിനെത്തിയവരും താമസക്കാരും അടക്കം 11 പേര്‍ക്കും പരുക്കേറ്റു.

എന്നാല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും പൊലീസ് പ്രധാനപ്രതികളെ സംരക്ഷിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ 8 പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടക്കം ലഹരി സംഘം അടിച്ചു തകര്‍ത്തു. ജാതി പറഞ്ഞായിരുന്നു മര്‍ദനമെന്ന് കുടുംബ പറയുന്നു.