Headlines

കൊല്ലങ്കോട് ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം തിരുവോണ ദിവസത്തെ വില്‍പ്പനയ്ക്കായി; പ്രതികളുടെ മൊഴി

കൊല്ലങ്കോട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയത് തിരുവോണ ദിവസത്തെ വില്‍പ്പനയ്ക്കായെന്ന് പ്രതികളുടെ മൊഴി. മോഷ്ടിച്ചതില്‍
2200 രൂപയുടെ മദ്യം പ്രതികള്‍ തന്നെ കുടിച്ചു തീര്‍ത്തു. മോഷ്ടിച്ചതെല്ലാം അര ലിറ്റര്‍ കുപ്പികള്‍ എന്നും മൊഴിയുണ്ട്. മോഷണത്തിന് മൂന്നുപേരല്ലാതെ മറ്റാരുടെയും സഹായം ലഭിച്ചില്ല. രണ്ടു ചാക്കോളം വരുന്ന മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തതായി സൂചന.

മോഷണത്തില്‍ രണ്ടു പ്രതികളാണ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശി ശിവദാസനും നെന്മേനി സ്വദേശി രവിയുമാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതി കൊല്ലങ്കോട് സ്വദേശി രമേഷിനായി അന്വേഷണം ഉര്‍ജ്ജിതമാക്കി.

കഴിഞ്ഞ തിരുവോണദിവസമാണ് പ്രതികള്‍ ബീവറേജസ് ഔട്ട്‌ലറ്റിന്റെ ചുമര് കുത്തിതുറന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ മദ്യം കവര്‍ന്നത്. മേശയില്‍ പണമുണ്ടായിരുന്നെങ്കിലും വില കൂടിയ മദ്യം മാത്രം എടുത്ത് പ്രതികള്‍ കടന്നു കളയുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. മുഖ്യപ്രതി ശിവദാസന്‍ ഇതിന് മുന്‍പും ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യമോഷണത്തം നടത്തിയിട്ടുണ്ട്.
മൂന്ന് ചാക്കുകള്‍ ആയാണ് മദ്യം സംഘം കടത്തിക്കൊണ്ടുപോയത്. ഇതിനായി പ്രതികള്‍ ഓട്ടോറിക്ഷ ആയിരുന്നു ഉപയോഗിച്ചത്. കൊല്ലങ്കോട് സിഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.