പ്ലസ് വൺ പ്രവേശനം 16 മുതൽ: പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കുമെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി.

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരണം നടന്നതെന്ന്’ അദ്ദേഹം പറഞ്ഞു

അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും . ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’ ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും.

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.