നവജാത ശിശുവിനെ കരിയില കൂട്ടത്തിലിട്ട് കൊന്ന കേസ്: രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും. കൊവിഡ് ബാധിച്ച രേഷ്മ നിലവിൽ ജയിലിൽ നിരീക്ഷണത്തിലാണ്.

അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യാനായി ലഭിച്ചത്. രേഷ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും.

റിമാൻഡിലായി പതിനാല് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങണമെന്നാണ് നിയമം. എന്നാൽ കൊവിഡ് ബാധിതയായതിനാൽ ഇതിന് സാധിക്കില്ല. ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.