കാസർകോട് ചെടേക്കാലിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. കുഞ്ഞിനെ ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. കുഞ്ഞിന്റെ അമ്മയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.
യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നത്.ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവവിവരം അറിയുന്നത്. ഇയാൾ വീട്ടിലെത്തി നടത്തിയ തിരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
രക്ത സ്രാവമുണ്ടായതിനെ തുടർന്നാണ് യുവതിയെ ആദ്യം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് മനസിലായി. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്.