ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

 

തിരുവനന്തപുരം: എഡിജിപി ഡോ. ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. താത്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് നൽകിയിരിക്കുന്ന ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പദവി തനിക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സന്ധ്യ സർക്കാരിന് കത്ത് നൽകിയിരുന്നു. സീനിയോറിറ്റിയിൽ അനിൽ കാന്തിനെക്കാൾ മുൻപിലാണ് സന്ധ്യ. എന്നാൽ അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പോലീസ് മേധാവിയായതോടെ സന്ധ്യയ്ക്ക് ആ പദവിയിലെ മുൻതൂക്കം ഒരു മാസം നഷ്ടമായി. ഈ സാഹചര്യത്തിലാണ് അനിൽകാന്ത് ശുപാർശ നൽകിയത്.

ഒരു വർഷം വരെയുള്ള താത്കാലിക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി വേണമെന്നില്ല. അക്കൗണ്ട് ജനറൽ കൂടി അംഗീകരിച്ചാൽ ഡിജിപി തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അനിൽ കാന്ത്, സുദേഷ് കുമാർ, സന്ധ്യ എന്നിവരുടെ പേരുകളാണ് പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തിന് കേന്ദ്രം നൽകിയ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്.