സംസ്ഥാന പോലീസ് മേധാവി; മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിങ്ങനെ മൂന്നുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്. ഇതിൽ നിന്ന് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്ത യോഗം മൂന്ന് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ബി. സന്ധ്യ, അനിൽ കാന്ത് എന്നിവരിൽ ഒരാളെ സംസ്ഥാന സർക്കാർ പോലീസ് മേധാവിയായി പരിഗണിക്കാനാണ് സാദ്ധ്യതയുളളത്.

സംസ്ഥാനം യുപിഎസ്‌സിയ്ക്ക് നൽകിയ 12 പേരുടെ പട്ടികയിൽ നിന്നും 30 വർഷത്തെ സർവ്വീസ് കാലാവധി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പേരെ ഒഴിവാക്കിയിരുന്നു. പിന്നാലെ ഒൻപത് പേരുടെ പട്ടിക സംസ്ഥാനം സമർപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളാണ് തച്ചങ്കരിയ്ക്ക് പ്രതികൂലമായതെന്നാണ് നിഗമനം.