ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ പരാജയപ്പെടുത്തി; പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്

 

മുന്‍ ചാംപ്യന്‍മാരും ലോക ഫുട്‌ബോളിലെ വമ്പന്‍മാരുമായ ഇറ്റലി 2021 യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയ ആദ്യ ടീമായി മാറി. ഗ്രൂപ്പ് എയിലെ രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ 3-0നു തോല്‍പ്പിക്കുകയായിരുന്നു. ഇരുപകുതികളിലുമായി മാന്വല്‍ ലൊക്കാറ്റെലിയുടെ ഇരട്ടഗോളുകളാണ് അസൂറികള്‍ക്കു അടിപൊളി ജയം സമ്മാനിച്ചത്. 26, 52 മിനിറ്റുകളിലായിരുന്നു ലൊക്കാറ്റെലി ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ 89ാ മിനിറ്റില്‍ സിറോ ഇമ്മൊബിലിയുടെ വകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ രണ്ടാം വിജയമാണിത്. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെയും അസൂറിപ്പട 3-0നു മുക്കിയിരുന്നു.

സ്വിസ് ടീമിനെതിരേ അര്‍ഹിച്ച വിജയം കൂടിയാണ് ഇറ്റലി സ്വന്തമാക്കിയത്. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ അവര്‍ സ്വിസ് ടീമിന് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. സ്വിസ് ടീമിന്റെ മുന്നേറ്റങ്ങളോടയായിരുന്നു മല്‍സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ അവര്‍ ഇറ്റാലിയന്‍ ഗോള്‍മുഖത്ത് വട്ടമിട്ടുപറന്നു. അഞ്ചു മിനിറ്റോളം ഇറ്റാലിയന്‍ താരങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇറ്റലി പതിയെ കളിയിലേക്കു തിരിച്ചുവന്നു.

10ാം മിനിറ്റില്‍ മല്‍സരത്തിലെ ആദ്യ ഗോളവസരവും അവര്‍ക്കു ലഭിച്ചു. സ്പിനസോലയുടെ ക്രോസില്‍ നിന്നും ഇമ്മൊബിലി തൊടുത്ത ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി. പിന്നീട് ഇറ്റലി കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. 19ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോര്‍ജിയോ കിയേലിനിയിലൂടെ ഇറ്റലി വലകുലുക്കുകയും ചെയ്തു. കോര്‍ണറിനൊടുവില്‍ കാലിലേക്കു വീണ ബോള്‍ കിയേലിനി വലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ഹെഡ്ഡറിനായി ശ്രമിക്കവെ വായുവില്‍ വച്ച് കിയേലിനി ബോള്‍ കൈകൊണ്ട് തട്ടിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ റഫറി വിഎആറിന്റെ സഹായം തേടുകയും ഹാന്റ്‌ബോള്‍ വിളിക്കുകയുമായിരുന്നു.