അക്കൗണ്ട് തുറന്ന് റഷ്യ; കന്നി ജയവുമായി വെയ്ല്‍സ് പ്രീക്വാര്‍ട്ടറിനരികെ

 

യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ റഷ്യക്കും വെയ്ല്‍സിനും ആദ്യ വിജയം. ഗ്രൂപ്പ് ബിയില്‍ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിനു ഫിന്‍ലാന്‍ഡിനെയാണ് കീഴടക്കിയത്. ഗ്രൂപ്പ് എയില്‍ വെയ്ല്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുര്‍ക്കിയെയും മറികടന്നു. വിജയത്തോടെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ റഷ്യ ആദ്യ കളിയില്‍ ബെജിയത്തോടു 0-3നു പരാജയപ്പെട്ടിരുന്നു. വെയ്ല്‍സാവട്ടെ ആദ്യറൗണ്ടില്‍ സ്വിറ്റ്‌സര്‍ലാന്റുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെതിരേ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ അലെക്‌സി മിറാന്‍ചുക്ക് നേടിയ ഗോളാണ് റഷ്യയെ ടൂര്‍ണമെന്റിലേക്കു തിരിച്ചുകൊണ്ടു വന്നത്. ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ റഷ്യ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ ഫിന്‍ലാന്‍ഡ് ഗോള്‍കീപ്പറുടെ ചില മികച്ച സേവുകള്‍ റഷ്യയുടെ വിജയ മാര്‍ജിന്‍ ഒന്നിലൊതുക്കുകയായിരുന്നു. യൂറോയിലെ അരങ്ങേറ്റക്കാരായ ഫിന്‍ലാന്‍ഡ് ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ 1-0ന് അട്ടിമറിച്ചിരുന്നു. പക്ഷെ റഷ്യക്കെതിരേ അതുപോലെയൊരു അദ്ഭുതം ആവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. എങ്കിലും റഷ്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് ഫിന്‍ലാന്‍ഡ് തോല്‍വി സമ്മതിച്ചത്.

ബാക്കുവിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആരണ്‍ റെംസി (42ാം മിനിറ്റ്), കോണര്‍ റോബോര്‍ട്ട്‌സ് (90+5) എന്നിവര്‍ നേടിയ ഗോളുകളാണ് തുര്‍ക്കിക്കെതിരേ വെയ്ല്‍സിനു മികച്ച വിജയം സമ്മാനിച്ചത്. 61ാം മിനിറ്റില്‍ വെയ്ല്‍സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഗരെത് ബേല്‍ അവിശ്വസനീയമാംവിധം ഇതു പുറത്തേക്കടിച്ചു കളയുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തുര്‍ക്കിയുടെ നോക്കൗട്ട് റൗണ്ട് സാധ്യത ഏറെക്കുറെ അവസാനിച്ചു. ആദ്യ കളിയില്‍ കരുത്തരായ ഇറ്റലിയോട് തുര്‍ക്കി 0-3നു തകര്‍ന്നടിഞ്ഞിരുന്നു. വെയ്ല്‍സാവട്ടെ നാലു പോയിന്റോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിന് തൊട്ടരികിലെത്തി.