ക്രിസ്റ്റ്യന്‍ എറിക്സണ് ആശംസയറിച്ചുള്ള ടീ ഷര്‍ട്ടുമായി പരിശീലനം, ഹൃദയം കീഴടക്കി ഫിന്‍ലാന്‍റ് ടീം

യൂറോ കപ്പില്‍ ഫിന്‍ലാന്‍റിനെ റഷ്യ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എന്നാല്‍, മത്സരത്തിന് മുമ്പ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചെടുത്ത ഫിന്‍ലാന്‍റ് ടീമിന്‍റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറല്‍. പരിശീലന സമയത്ത് ടീം അണിഞ്ഞ ഒരു ടീ ഷര്‍ട്ടാണ് ചുരുങ്ങിയ സമയംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചത്.

കഴിഞ്ഞ ദിവസം ഫിന്‍ലാന്‍റ് ഡെന്‍മാര്‍ക്ക് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ഗ്രൌണ്ടില്‍ കുഴഞ്ഞുവീണ സംഭവം മറക്കാനാകാത്തതാണ്. ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറിക്സണ്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയുള്ള ടീഷര്‍ട്ട് ഇട്ടുകൊണ്ടാണ് ഫിന്‍ലാന്‍റ് ടീം ഇന്ന് റഷ്യക്കെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിറങ്ങിയത്. Get well Christian എന്ന് ടീഷര്‍ട്ടില്‍ എഴുതിയ ആ വാക്കുകള്‍ ആരാധകര്‍ ഹൃദയംകൊണ്ട് സ്വീകരിക്കുകയായിരുന്നു.

അന്നത്തെ മത്സരത്തിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.

ജൂണ്‍ 12ന് ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്‌സന്‍റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളില്‍ കാണാം.