ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്കും യുവന്റസിനും ജയം; യുനൈറ്റഡിനും പിഎസ്ജിക്കും തോല്‍വി

ക്യാപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, യുവന്റസ്, ചെല്‍സി എന്നിവര്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി എന്നിവര്‍ക്ക് തോല്‍വി. ഗ്രൂപ്പ് ജിയില്‍ ഡൈനാമോ കൈവിനെതിരേ 2-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. മെസ്സി (5), പിക്വെ (65) എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ഇതേ ഗ്രൂപ്പില്‍ ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കവറോസിയ്‌ക്കെതിരേ 4-1ന്റെ ജയമാണ് യുവന്റസ് നേടിയത്. മൊറാട്ട(ഡബിള്‍), ഡിബാല എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ സെല്‍ഫാണ്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ഇസ്താംബൂള്‍ ബാസ്‌കഷെയര്‍ 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. തോറ്റങ്കിലും ആദ്യ രണ്ട് ജയങ്ങളെ തുടര്‍ന്ന് യുനൈറ്റഡാണ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതുള്ളത്. ഇതേ ഗ്രൂപ്പില്‍ പിഎസ്ജി രണ്ടാം തോല്‍വിയും ഇന്ന് നേരിട്ടു. ആര്‍ ബി ലെപ്‌സിഗാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. ഗ്രൂപ്പില്‍ പിഎസ്ജി മൂന്നാം സ്ഥാനത്തും ലെപ്‌സിഗ് രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ഇയില്‍ ചെല്‍സി ജയപരമ്പര തുടര്‍ന്നു. റെനീസിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് ലംമ്പാര്‍ഡിന്റെ കുട്ടികള്‍ നേടിയത്. മല്‍സരത്തില്‍ വെര്‍ണര്‍ ഇരട്ടഗോള്‍ നേടി. എബ്രഹാമാണ് മറ്റൊരു ഗോള്‍ നേടിയത്. ഇതേ ഗ്രൂപ്പില്‍ മറ്റൊരു മല്‍സരത്തില്‍ സെവിയ്യ എഫ് കെ കറാസ്‌നോഡറിനെതിരേ 3-2ന്റെ ജയം നേടി. സെവിയ്യയാണ് ഗ്രൂപ്പില്‍ രണ്ടാമത്.