ഇംഗ്ലിഷ് പ്രീമിയർ ലീഗ്: സിറ്റിയെ തരിപ്പണമായി ലെസ്റ്റര്‍, ബാഴ്‌സലോണയ്ക്കും പിഎസ്ജിക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കുറിച്ച് ലെസ്റ്റര്‍ സിറ്റി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ദയനീയ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മൂന്ന് പെനാല്‍ട്ടികള്‍ സിറ്റി വഴങ്ങുകയും ചെയ്തു. ഇത് മൂന്നും ഗോളായി മാറി എന്നതാണ് അദ്ഭുതകരമായ കാര്യം. ജാമി വാര്‍ഡിയുടെ ഹാട്രിക്കാണ് വമ്പന്‍ ജയം നേടാന്‍ ലെസ്റ്ററിനെ സഹായിച്ചത്. ഇരു ടീമുകളും അറ്റാക്കിംഗ് ഗെയിമാണ് പുറത്തെടുത്തത്.

മെഹറസിലൂടെ നാലം മിനുട്ടില്‍ തന്നെ സിറ്റി മുന്നിലെത്തിയിരുന്നു. 37ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ലെസ്റ്റര്‍ സ്‌കോര്‍ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ തകര്‍ത്താടിയ ലെസ്റ്റര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലീഡ്‌സ് യുനൈറ്റഡ് ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനും വെസ്റ്റ്ഹാം എതിരില്ലാത്ത നാല് ഗോളിന് വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡേറേഴ്‌സിനെയും പരാജയപ്പെടുത്തി. അതേസമയം ടോട്ടനത്തെ 1-1ന് ന്യൂകാസില്‍ സമനിലയില്‍ തളച്ചു.

ലാ ലിഗയില്‍ വമ്പന്‍മാരായ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും വമ്പന്‍ ജയം നേടി. ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളിന് വിയ്യാറലിനെ തകര്‍ത്തു. മത്സരത്തില്‍ ലയണല്‍ മെസ്സിയും ഗോള്‍ നേടിയ. അനസു ഫാറ്റി ഇരട്ട ഗോള്‍ നേടി. പൗ ടോറസിന്റെ സെല്‍ഫ് ഗോളും മത്സരത്തില്‍ പിറന്നു. അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ ലൂയി സുവാരസിന്റെ ഗംഭീര പ്രകടനമാണ് ഗ്രനാഡയ്‌ക്കെതിരെ ടീമിന് വിജയം നേടി കൊടുത്തത്.

സുവാരസ് ഇരട്ട ഗോള്‍ നേടി. ഡീഗോ കോസ്റ്റ, ജോവാ ഫെലിക്‌സ്, ലോറന്റെ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. യോര്‍ഗെ മൊളീന ഗ്രനാഡയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തു. മറ്റ് മത്സരങ്ങളില്‍ ലെവാന്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെയും അത്‌ലറ്റിക്ക് ബില്‍ബാവോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെയും സെവിയ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാഡിസിനെയും പരാജയപ്പെടുത്തി. റയല്‍ വല്ലാഡോയിഡ് സെല്‍റ്റ ഡി വീഗോ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.