തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കം; ചെയ്തതും ചെയ്യാനുള്ളതും വിശദീകരിച്ച് മുഖ്യമന്ത്രി

 

തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുന്നോട്ടുള്ള യാത്രയിൽ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് കഴിഞ്ഞ അഞ്ച് വർഷം എല്ലാ പ്രതിസന്ധികളെയും നരേിട്ട് സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സർക്കാരുകളാണ് നടത്തിയത്. ആ അടിത്തറയിൽ നിന്ന് കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പഴയ നേട്ടങ്ങളെ ഉറപ്പിച്ചു നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ പരിശ്രമിച്ചത്.

കാർഷിക വ്യവസായ മേഖലകളുടെ ഉന്നമനം പരമ്പരാഗത മേഖലകളുടെ സംരക്ഷണം പശ്ചാത്തല സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങിയവ പ്രകടന പത്രികയിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണവും പൊതു സംവിധാനങ്ങളുടെ ഗുണനിലവാരം ഉയർത്തലും പ്രത്യേക അജണ്ടയായി ഏറ്റെടുത്തു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉത്പാദനക്ഷമമായി വിനിയോഗിക്കാനുള്ള ആസൂത്രണം നടപ്പാക്കി. കിഫ്ബിയുടെ രൂപീകരണം ഒക്കെ എടുത്തു പറയേണ്ടതാണ്. ഈ ഇടപെടലുകൾ കേരളത്തിന്റെ വികസന രംഗത്ത് വലിയ കുതിപ്പുണ്ടാക്കി. എൽഡിഎഫിന്റെ പ്രകടന പത്രികയുടെ ഭാഗമായി ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി മാറി. പൊതുമേഖലയെ നഷ്ടക്കണക്കിൽ നിന്ന് മോചിപ്പിച്ച് ലാഭത്തിലാക്കി. ഉറങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈനും ദേശീയപാതാ വികസനവും വൈദ്യുതി പ്രസരണ പദ്ധതികളും യാഥാർഥ്യമാക്കി. അതോടൊപ്പം വിജ്ഞാന സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോൺ പോലുള്ള ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചു. സ്റ്റാർട്ട് അപ് മേഖലയിൽ വൻ കുതിപ്പുണ്ടാക്കി.

ഓഖിയും നിപയും നമ്മളെ വിഷമിപ്പിച്ച ദുരിതങ്ങളായിരുന്നു. തുടർന്നാണ് കൊവിഡിന്റെ വ്യാപനമുണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന ഘട്ടമാണിത്. ലോക്ക് ഡൗൺ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോൾ സ്വാഭാവികമായി ജനജീവിതം താളം തെറ്റും. അവ മറികടക്കുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ആദ്യമായി രൂപം നൽകാൻ നമുക്ക് കഴിഞ്ഞു. 20,000 കോടി രൂപയുടെ പാക്കേജിനും നാട്ടിലെ ഉത്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ഉൾപ്പെടെ പരിഹരിക്കുന്നതിനും ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാനായി.

പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ 5 വർഷത്തെ പ്രധാന നേട്ടം. പ്രകടന പത്രികയിലെ 600ൽ 580 വാഗ്ദാനങ്ങളും നടപ്പാക്കിയത് അനേകം പ്രതിസന്ധികളെ മറികടന്നാണ്. ജനങ്ങൾക്ക് താത്പര്യം അർഥശൂന്യമായ വിവാദങ്ങളല്ല, നാടിന്റെ വികസനത്തിനാണ്. അനാവശ്യ സംഘർഷമല്ല, സമാധാനപരമായ ജീവിതമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്ക് ഒപ്പമായിരിക്കും ജനങ്ങളെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതിനെ മറികടക്കാൻ ജാതി വർഗീയ വികാരങ്ങൾ വലിയ തോതിൽ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ ശ്രമിച്ചാൽ അതിനോടൊപ്പം നിൽക്കാൻ കേരള ജനത തയ്യാറാകില്ല.

കഴിഞ്ഞ അഞ്ച് വർഷം ജനങ്ങളും സർക്കാരും തമ്മിലുണ്ടായ പാരസ്പര്യത്തെ കൂടിയാണ് പറയേണ്ടത്. ജനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെയാണ് ഓരോ പ്രതിസന്ധിയെയും കേരളം അതിജീവിച്ചത്. ആ പങ്കാളിത്തവും സഹകരണവും തന്നെയാണ് ഈ നാട്ടിൽ അനന്യമായ വികസനക്കുതിപ്പിന് കാരണമായത്. പ്രളയകാലത്ത് ഓരോരുത്തരും സ്വയം രക്ഷാദൗത്യമേറ്റെടുത്ത് അപകടകരമായ സാഹചര്യങ്ങളിൽ പോലും ത്യാഗസന്നദ്ധതയോടെ രംഗത്തിറങ്ങുന്നതു കണ്ടു. മത്സത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കാൻ കാരണമായത് അവർ കാണിച്ച ത്യാഗപൂർണമായ രക്ഷാപ്രവർത്തനമാണ്. ജനങ്ങൾ ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രതികരിച്ചിരുന്നില്ലെങ്കിൽ നിപ എന്ന അപകടകാരിയായ വൈറസിന്റെ ആക്രമണം നമുക്ക് തടഞ്ഞുനിർത്താൻ കഴിയില്ലായിരുന്നു.

കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വൻകിട പദ്ധതികൾ സാക്ഷാത്കരിക്കുന്നതിന് ജനങ്ങൾ സർക്കാരിന് പൂർണപിന്തുണ നൽകി. ഇപ്പോൾ കൊവിഡ് കാലത്ത് കേരളം മാതൃകമായി നേതൃത്വം നൽകുന്നത് കൊവിഡ് പ്രതിരോധമെന്നത് ജനപങ്കാളിത്തമുള്ള ജീവത്തായി ഒരു പ്രക്രിയയായി നാം മാറ്റിയെടുത്തതിലൂടെയാണ്. ജനങ്ങളുടെ സഹകരണമാണ് സർക്കാരിന്റെ കരുത്ത്. അതിനിയും തുടരുമെന്നാണ് ജനവിധി തെളിയിക്കുന്നത്. ജനങ്ങളോടൊപ്പമാണ്, ജനത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുക. ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കർമപദ്ധതിയാണ് എൽഡിഎഫ് പുതിയ പ്രകടനപത്രികയിൽ വിഭാവനം ചെയ്തിരിക്കുന്നത്. അമ്പതിന പ്രധാന പരിപാടികളും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ് മുന്നോട്ടുവെച്ചിരുന്നത്. അവ പൂർണമായും നടപ്പാക്കി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക മേഖലകളിലെ, പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കും.