ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി അറിയിച്ചു. അതി തീവ്ര ന്യൂനമർദമായിട്ടാകും ചുഴലിക്കാറ്റ് കേരളത്തിലെത്തുക
ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെയാകും.
സഞ്ചാരപഥത്തിന് പുറമെ കൊല്ലത്തിന്റെ വടക്കൻ മേഖലകളിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്‌തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്.
മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രതീക്ഷിക്കുന്നു. എന്നാൽ പ്രളയസാഹചര്യമുണ്ടാകില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം വന്നേക്കും. മരം വീടുകൾ, പോസ്റ്റുകൾ, ഫ്‌ളക്‌സുകൾ ഒക്കെ പൊട്ടിവീണേക്കാം.
എൻഡിആർഎഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിംഗ് എയർ ക്രാഫ്റ്റും ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവിക സേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആർമിയോടും അർധസൈനിക വിഭാഗങ്ങളോടും സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു
2891 ദുരിതാശ്വാസ ക്യാമ്പുകൾ ഏഴ് ജില്ലകളിലായി തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാണ്. വൈദ്യുതിവിതരണം, അണക്കെട്ടുകൾ, ശബരിമല തീർഥാടനം എന്നിവക്ക് കൃത്യമായ നിർദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.