കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്ണ പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്മി എന്നിവർ ഫയൽ ചെയ്ത ഹർജിയിൻമേലാണ് ഉത്തരവ്. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തുചേർത്ത് ഒരു യൂനിറ്റായി കണക്കാക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.