വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെയും ഹർജി അംഗീകരിച്ചാണ് കോടതി നടപടി
പാലക്കാട് പോക്സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പാലക്കാട് പോക്സോ കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ വെറുതെ വിട്ടത്
കേസ് നടത്തിയ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും കേസ് അന്വേഷിച്ച പോലീസിന്റെ വീഴ്ചയുമാണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് സർക്കാർ പറയുന്നു. പുനരന്വേഷണത്തിന് ഒരുക്കമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ പോലീസ് തുടക്കം മുതലെ പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്ന് മാതാപിതാക്കളും വാദിക്കുന്നു
2017 ജനുവരെ 13നാണ് 13 വയസ്സുള്ള മൂത്ത കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. മൂന്ന് മാസത്തിനിപ്പുറം മാർച്ച് 4ന് ഇളയകുട്ടിയായ 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരു കുട്ടികളും പീഡനത്തിന് ഇരയായാതായും കണ്ടെത്തിയിരുന്നു. പ്രതികളുടെ പീഡനം സഹിക്ക വയ്യാതെ കുട്ടികൾ തൂങ്ങിമരിച്ചുവെന്നാണ് കേസ്