നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക.

നേരത്തെ സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാ വശങ്ങളെയും പരിശോധിച്ചല്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടും

കോടതിയിൽ നടന്നിട്ടുള്ള മറ്റ് കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയിലേക്ക് സർക്കാർ പോകുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനമാകുകയായിരുന്നു

സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകും. ഇതുസംബന്ധിച്ച് ഡൽഹിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണ്. ഹർജി ഫയലിൽ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനം. ഫെബ്രുവരി നാലിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവുണ്ട്. ഇതിനാൽ എത്രയും വേഗം ഹർജിയിൽ തീർപ്പുണ്ടാക്കി കിട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്