വടകര സിവിൽ സപ്ലൈസ് ഗോഡൗണിൽ തീപിടിത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളുമാണ് കത്തി നശിച്ചത്. അഞ്ച് യൂനിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുലർച്ചെ അഞ്ചരയോടെയാണ് ലോക്‌നാർകാവ് ക്ഷേത്രത്തിന് സമീപമുള്ള സിവിൽ സപ്ലൈസ് ഗോഡൗണിന് തീപിടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാദാപുരം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് യൂനിറ്റ് സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വടകര താലൂക്കിലെ നാൽപതോളം മാവേലി സ്‌റ്റോറുകളിലേക്ക് എത്തിക്കാനുള്ള സ്‌റ്റേഷനറി സാധനങ്ങളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഭക്ഷ്യക്കിറ്റിലേക്കുള്ള സാധനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു.