താജ്മഹലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്‌നർ കണ്ടെത്തി; സുരക്ഷ ശക്തമാക്കി അധികൃതർ

താജ്മഹലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്നർ കണ്ടെത്തി. അതീവ സുരക്ഷയുള്ള സ്ഥലത്ത് നിന്നാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത് അധികൃതരിലും വിനോദ സഞ്ചാരികളിലും സുരക്ഷാ ഉദ്യോഗസ്ഥരിലും ആശങ്ക സൃഷ്ടിച്ചു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത്. ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കണ്ടെയ്നർ അവിടെ നിന്നും നീക്കി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർണ്ണമാകുന്നതുവരെ താജ്മഹലിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് താജ്മഹലിൽ ബോംബ് വെയ്ക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെയ്നറുകൾ കണ്ടെത്തിയതോടെ അധികൃതർ പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡ് ടിൻ കണ്ടെയ്‌നർ താജമഹലിൽ നിന്നും മാറ്റിയ ശേഷമാണ് ആശങ്കയ്ക്ക് അയവു വന്നത്. താജ്മഹലിൽ സുരക്ഷ വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.