ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സിഡ്നിയിൽ രാത്രിയും പകലുമായാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് പരാജയപ്പെടുകയാണെങ്കിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടപ്പെടും. ടോസിന്റെ ആനുകൂല്യം ഓസീസിന് ലഭിച്ചത് തിരിച്ചടിയാണ്. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 374 റൺസാണ് അടിച്ചുകൂട്ടിയത്.
ബൗളിംഗിന് മൂർച്ചയില്ലാത്തതും ഫീൽഡിലെ പിഴവുമാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിനയായത്. കൂടാതെ മുൻനിര ബാറ്റ്സ്മാൻമാർ ഒന്ന് പൊരുതുക പോലും ചെയ്യാതെ കീഴടങ്ങുകയും ചെയ്തു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ ഇന്നുമിറക്കിയിരിക്കുന്നത്. സഞ്ജു സാംസണ് ഇന്നും ടീമിൽ ഇടം നേടാനായില്ല