തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വിതുര സ്വദേശി മാധവനാണ്(55) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് താജുദ്ദിന്റെ(60) വീട്ടിലാണ് മൃതദേഹം കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന താജുദ്ദീനെ പിടികൂടുകയായിരുന്നു
വിതുര പേപ്പാറയിലെ താജുദ്ദീന്റെ വീട്ടിലാണ് മാധവനെ കൊന്ന് കുഴിച്ചിട്ടത്. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന താജുദ്ദീന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് മാധവൻ. ഇരുവരും വിവാഹിതരല്ല. നിരവധി കേസുകളിലെ പ്രതികളുമാണ്.
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മാധവനെ ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടിനുള്ളിൽ തന്നെ കുഴിച്ചിട്ടത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ചെന്ന് നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് രക്തം കണ്ടത്. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.