ബംബോലിം: 90 ആം മിനിറ്റുവരെ ജയിച്ചു നിന്ന മത്സരം വിട്ടുകളഞ്ഞതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും കിബു വികുനയുടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. രണ്ടാം പകുതിയില്‍ ഖ്വെസി അപ്പിയയും (51′) ഇഡ്രിസ സിലയും (90′) നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകരായപ്പോള്‍ അര്‍ഹിച്ച ജയം മഞ്ഞപ്പടയ്ക്ക് നഷ്ടമായി.
ആദ്യ പകുതിയില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും (5′) ഗാരി ഹൂപ്പറുമാണ് (45+1′ — പെനാല്‍റ്റി) ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം സമ്മാനിച്ചത്. എന്നാല്‍ 90 ആം മിനിറ്റില്‍ ഗുര്‍ജീന്ദര്‍ നീട്ടി നല്‍കിയ പന്തിനെ കൃത്യമായി വലയിലെത്തിച്ച സില ബ്ലാസ്റ്റേഴ്‌സില്‍ നിന്നും സമനില പിടിച്ചെടുക്കുകയായിരുന്നു.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ ഗോളടിച്ചുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് വരവറിയിച്ചത്. വീണുകിട്ടിയ ആദ്യ ഫ്രീകിക്കുതന്നെ സിഡോഞ്ച ഗോളാക്കി മാറ്റി. സെയ്ത്യാസെന്‍ ബോക്‌സിലേക്ക് ‘വളച്ചിറക്കിയ’ പന്തിനെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് കൃത്യമായി ദിശകാട്ടാന്‍ മഞ്ഞപ്പടയുടെ നായകന് സാധിച്ചു. തുടര്‍ന്ന് 45 ആം മിനിറ്റിലാണ് മത്സരത്തില്‍ രണ്ടാമത്തെ ഗോള്‍ വീഴുന്നത്. നോര്‍ത്ത് ഈസ്റ്റ് ബോക്‌സിനകത്ത് വെച്ച് രാകേഷ് പ്രദാന്‍ പൂട്ടിയയെ തള്ളിയിട്ടതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റിക്കായി കടന്നുവന്ന സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ ലക്ഷ്യം കണ്ടു. ഈ സമയം ഗോള്‍ നില ബ്ലാസ്‌റ്റേഴ്‌സ് – 2, നോര്‍ത്ത് ഈസ്റ്റ് – 0.

രണ്ടാം പകുതിയില്‍ കൂടുതല്‍ വീറും വാശിയുമായാണ് നോര്‍ത്ത് ഈസ്റ്റ് പന്തുതട്ടിയത്. 51 ആം മിനിറ്റില്‍ ഈ സമീപനം ഫലം കാണുകയും ചെയ്തു. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതും ഇവിടെ നോര്‍ത്ത് ഈസ്റ്റിന് ഗുണമായി. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തെ കൂട്ടപൊരിച്ചിലിനിടയിലും കാലിലേക്കെത്തിയ പന്തിനെ വലയിലേക്ക് തട്ടിയിടേണ്ട അധ്വാനമേ അപ്പിയയ്ക്ക് വേണ്ടിവന്നുള്ളൂ. 66 ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും കിട്ടി സുവര്‍ണാവസരം – പെനാല്‍റ്റിയുടെ രൂപത്തില്‍. ബ്ലാസ്റ്റേഴ്‌സ് താരം ജെസല്‍ കാര്‍നെയ്‌റോ ലാലംഗ്മാവിയയെ ബോക്‌സിനകത്ത് വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. പക്ഷെ പെനാല്‍റ്റി തൊടുത്ത അപ്പിയയ്ക്ക് ലക്ഷ്യം പിഴച്ചു. ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക്.
ശേഷം 90 ആം മിനിറ്റുവരെയും കാര്യങ്ങള്‍ നിയന്ത്രിച്ച ബ്ലാസ്റ്റേഴ്‌സ് ജയം കൈപ്പിടിയിലാക്കിയെന്ന് കരുതിയിരിക്കവെയാണ് ഗുര്‍ജീന്ദര്‍ സിങ്ങിന്റെ പാസും സിലയുടെ ഉഗ്രന്‍ ഷോട്ടും. കണടച്ചു തുറക്കും മുന്‍പ് ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ വീണു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാമത്തെ ഗോള്‍. ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങി എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാമതുമെത്തി.