Headlines

വർദ്ധനവ് തുച്ഛമാണ്, ആവശ്യപ്പെട്ടത് 21000 രൂപ, 1000 രൂപ എത്രയോ ചെറുത്, സമരം തുടരും; ആശ സമര സമിതി

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു.

ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർദ്ധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർദ്ധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണ്.

വിരമിക്കൽ അനുകൂല്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആശമാർ അടിയന്തരമായ സംസ്‌ഥാന കമ്മിറ്റി വിളിച്ചു. സമരം തുടരും എന്ന് തന്നെയാണ് തീരുമാനം. സമരത്തിന്റെ രൂപത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നും ആശമാർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകുമെന്നും യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുക. ക്ഷേമ പെൻഷൻ 400 രൂപ വ‍‍ർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി.

അംഗനവാടി വർക്കർ, ഹെല്പർ എന്നിവ‍ർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.