ജമൈക്കയിൽ കരതൊട്ട മെലിസ കൊടുങ്കാറ്റിൽപ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ല. ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറൻ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ താറുമായി. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയും. നിരവധി വീടുകൾ തകരുകയും മണ്ണിടിച്ചിലിൽ മലപാതകൾ തടസ്സപ്പെടുകയും ചെയ്തു. മെലിസയുടെ ശക്തി കുറഞ്ഞ കാറ്റഗറി ഒന്നിൽപ്പെട്ട കൊടുങ്കാറ്റായി ഇപ്പോൾ ബഹാമസിലൂടെ കടന്നുപോകുകയാണ്. അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കും.
മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങിയിരുന്നു.

 
                         
                         
                         
                         
                         
                        






