തിരഞ്ഞെടുപ്പ് ചൂട്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്. ഇന്ന് എൻ ഡി എയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കും. എസ്ഐആറും വോട്ട് മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയാണ് മഹാസഖ്യത്തിന്റെ പ്രചാരണം.

അതേസമയം, ആർജെഡിക്കും കോൺഗ്രസിനും എതിരായ അഴിമതി ആരോപണങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് എൻ ഡി എ മഹാസഖ്യത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെപി നദ്ദ , ഉൾപ്പെടെയുള്ള വിവിധ നേതാക്കൾ എൻ ഡി എക്കായി പ്രചാരണ രംഗത്തുണ്ട്. പ്രിയങ്ക ഗാന്ധി അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ മഹാസഖ്യത്തിന്റെ പ്രചാരണത്തിനായി ബിഹാറിൽ എത്തും.