Headlines

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം. ബിഹാറിലെ സസാറാമിൽ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാൽനടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങൾ.

ബിഹാറിൽ മാത്രം വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം പേരെ പുറത്താക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. രാഹുൽ ഗാന്ധിക്ക് പുറമെ ആർജെഡി നേതാവ് തേജസ്വി യാദവും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും യാത്രയിൽ അണിനിരക്കും. സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ നടക്കുന്ന ഇന്ത്യ സഖ്യ മഹാറാലിയോടെ യാത്ര സമാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഹുലിന്റെ യാത്ര ഇന്ത്യ സഖ്യത്തിന് വലിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് രാഹുൽ ഗാന്ധിയുടെ യാത്രയോടുള്ള കമ്മീഷന്റെ പ്രതികരണമായി വിലയിരുത്തപ്പെടുന്നു.

നേരത്തെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് നൽകിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് താൻ ഒരു പൊതുപ്രവർത്തകനാണെന്നും തന്റെ വാക്കുകൾ ഡിക്ലറേഷനായി കണക്കാക്കി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. രാഹുൽ മാപ്പ് പറയണമെന്നായിരുന്നു പിന്നീട് കമ്മീഷന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി തേജസ്വി യാദവ് എന്നിവർ നയിക്കുന്ന യാത്ര ആരംഭിക്കുന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചത്.