ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും; എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്.

7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ഓണറേറിയം നല്‍കാനുള്ള തുക മുന്‍കൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അതിലാണിപ്പോള്‍ നടപടി. 26125 ആശമാര്‍ക്ക് ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുകയായ 54,86,25,000 രൂപയാണ് അനുവദിച്ചത്.

ഓരോ മാസവും ഓണറേറിയം കൊടുക്കുമ്പോള്‍ അതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി സ്വീകരിക്കണം. ആ രീതിയില്‍ മൂന്ന് മാസവും കൃത്യമായി ആശമാര്‍ക്ക് ഓണറേറിയം ലഭിക്കും.