പിഎം ശ്രീ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിന്റെ അടുത്ത് പോയി കരാറിൽ നിന്ന് പിന്മാറാൻ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യും. ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഏഴംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്,പി പ്രസാദ് , കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കും. ഇത് കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കും – മുഖ്യമന്ത്രി വിശദമാക്കി.









