ഐപിഎല്‍; കൊല്‍ക്കത്തയെ നാണംകെടുത്തി ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് നാണക്കേടിന്റെ തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 84 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. ദേവ്ദത്ത് പടിക്കലും (25), ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ഇരുവരും പുറത്തായതിന് ശേഷം എത്തിയ ഗുര്‍കീറത്ത് സിങും (21*), കോഹ്‌ലിയും (18*) ചേര്‍ന്ന് 13.3 ഓവറില്‍ 85 റണ്‍സെടുത്ത് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.

 

ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 84 റണ്‍സ് മാത്രമാണ് നേടിയത്. ക്യാപ്റ്റന്‍ മോര്‍ഗാന്‍(30) ഒഴികെ ആര്‍ക്കും ബാംഗ്ലൂരിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഫെര്‍ഗൂസണ്‍ (19) റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജ് എന്ന ബാംഗ്ലൂര്‍ ബൗളറുടെ മാസ്മരിക ബൗളിങാണ് ചാലഞ്ചേഴ്‌സിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചത്.നാല് ഓവറില്‍ വെറും എട്ട് റണ്‍സ് വിട്ടുകൊടുത്താണ് സിറാജ് മൂന്ന് വിക്കറ്റ് നേടിയത്. കൂടാതെ താരം രണ്ട് മെയ്ഡന്‍ ഓവറുകളും നേടി. ആദ്യമായിട്ടാണ് ഐ പി എല്ലിലെ ്ഒരു മല്‍സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ ഒരു ബൗളര്‍ നേടുന്നത്. യുസ്‌വേന്ദ്ര ചാഹല്‍ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സെയ്‌നി, സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.