കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ വിജയം. 82 റണ്‍സിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 34 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു.
ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ബാംഗ്ലൂരിനു വെല്ലുവിളിയാവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. പുതുതായി ഓപ്പണിംഗ് പൊസിഷനിലെത്തിയ ടോം ബാന്റണ്‍ ആണ് ആദ്യം പുറത്തായത്. ബാന്റണ്‍ നവ്ദീപ് സെയ്‌നിയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു. നിതീഷ് റാണയെ വാഷിംഗ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കി. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മന്‍ ഗില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത് കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. അതായിരുന്നു കൂട്ടത്തകര്‍ച്ചയുടെ തുടക്കം.