എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകി; അന്വേഷണവുമായി സഹകരിക്കും, ഒളിവിൽ പോകില്ല

സ്വർണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം

 

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കർ കഴിയുന്നത്. നടുവേദനയെ തുടർന്ന് വിദഗ്ധ ചികിത്സക്കായാണ് ശിവശങ്കറെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും കസ്റ്റംസിന്റെ തുടർ നടപടികൾ

 

അതേസമയം സ്വപ്‌ന സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് കൂടുതൽ തെളിവുകൾ കോടതിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌നയെയും സരിത്തിനെയും പ്രതികളാക്കി കുറ്റാന്വേഷണ റിപ്പോർട്ട് നൽകിയത്.