മലയാളികളെ ലളിത സംഗീതത്തിൽ മയക്കിയ എം ജി രാധാകൃഷ്ണൻറെ ഓർമ്മകൾക്ക് ഇന്ന് പത്താണ്ട്.തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ആകാശവാണിയുടെ വരാന്തകളിലുടെ മനസില്‍ ഈണങ്ങള്‍ കൊരുത്തിട്ടു നടന്ന മനുഷ്യന്‍ മലയാളിക്കെന്നും പോയ കാലത്തിന്‍റെ നല്ലോര്‍മ്മകളാണ്.
ലളിതഗാനപാഠത്തിലൂടെ മലയാളിക്കു പരിചയപ്പെടുത്തിതൊക്കെയും ഭാവസുന്ദരഗാനങ്ങള്‍. യുവജനോത്സവവേദികളില്‍ ആ ഗാനങ്ങളത്രയും നിറഞ്ഞൊഴുകി. ലളിതഗാനങ്ങള്‍ സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണ നേടി. എം.ജി. രാധാകൃഷ്ണന്‍ കണ്ടെത്തിയ സ്വരവിശുദ്ധിയിരുന്നു കെ എസ് ചിത്ര. ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തിൽ എം.ജി. രാധാകൃഷ്ണന്‍ ചിത്രയെക്കൊണ്ട് പാടിച്ചത് അഞ്ചാം വയസില്‍. ഗായകനായാണ് എം.ജി. രാധാകൃഷ്ണന്‍ സിനിമയിലെത്തിയത്. പിന്നീടങ്ങോട്ട് എംജിയുടെ സംഗീതസംവിധാനത്തില്‍ വിടര്‍ന്ന നിരവധി ജനപ്രിയഗാനങ്ങള്‍ പിറന്നു.
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ വിജയം തീരുമാനിച്ചത് അതിലെ ഗാനങ്ങള്‍ കൂടിയായിരുന്നു. സിനിമാ സംഗീതത്തില്‍ രാഘവന്‍ മാഷ് മാത്രം ഉപയോഗിച്ച ആഹരി രാഗത്തിലൂടെ പിറന്നത് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകള്‍.മറക്കാത്ത ഈണങ്ങള്‍ കൊണ്ട് മലയാളിയുടെ സ്മൃതിപഥങ്ങളിൽ മരണമില്ലാതെ ജീവിക്കുന്നുണ്ട് ആ സംഗീത പ്രതിഭ.