Headlines

‘ആരോപണങ്ങളിൽ കഴമ്പില്ല’; ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി

ഹിൻഡൻബർഗ് റിപ്പോർട്ടിൽഅദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. കമ്പനിക്കെതിരായ നടപടികൾ അവസാനിപ്പിക്കും. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. അദാനി കമ്പനികൾ ഓഹരി വിലകളിൽ കൃത്രിമം കാണിച്ചതായും അഡികോർപ്പ് എന്റർപ്രൈസസ് വഴി അദാനി പവറിന് ധനസഹായം നൽകിയതായുമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്.

സെബി നിയമത്തിന്റെ ഏതെങ്കിലും ലംഘനങ്ങൾ നടന്നിട്ടുണ്ടോ, അതിൽ സാമ്പത്തിക പ്രസ്താവനകളിൽ തെറ്റായി പ്രതിനിധാനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സെബി വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, ഇടപാടുകൾ നിയമാനുസൃതമാണെന്നും ലിസ്റ്റിംഗ് കരാറോ LODR നിയന്ത്രണങ്ങളോ ലംഘിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.

അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അദാനി പവർ ലിമിറ്റഡ്, അഡികോർപ്പ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗൗതം ശാന്തിലാൽ അദാനി, രാജേഷ് ശാന്തിലാൽ അദാനി എന്നിവർക്കെത്തിരെയായിരുന്നു അന്വേഷണം നടന്നിരുന്നത്. അദാനി ഗ്രൂപ്പിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാതെ കേസ് അവസാനിപ്പിക്കാനാണ് സെബി തീരുമാനിച്ചിരിക്കുന്നത്.