Headlines

ഹൈഡ്രജൻ ബോംബിന് പകരം പൂത്തിരി കത്തിച്ച് മടങ്ങി; തുടർച്ചയായ പരാജയങ്ങളിൽ രാഹുൽ ഗാന്ധിക്ക് നിരാശയെന്ന് അനുരാഗ് താക്കൂർ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും താക്കൂർ പരിഹസിച്ചു.

രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. റഫാൽ, ചൗക്കിദാർ ചോർ ഹേ, സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ മുൻപ് കോടതിയിൽ മാപ്പ് പറയേണ്ടി വന്നതുകൊണ്ടുള്ള ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഓൺലൈനായി ആർക്കും വോട്ടുകൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കാതെ ഒരു വോട്ടും റദ്ദാക്കാൻ കഴിയില്ലെന്നും കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ൽ വോട്ടുകൾ നീക്കം ചെയ്യാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനും അന്വേഷണം നടത്താനും നിർദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.