തിരുവനന്തപുരം ∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്സിയിലെ തെളിവെടുപ്പ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പൂർത്തിയാക്കി. പിഎസ്സിയിലെ 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പിഎസ്സി ആസ്ഥാനത്ത് ഒരാഴ്ചയോളം നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചു. രേഖകളെല്ലാം ഡിജിറ്റലായതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.
ഇടത് സർവീസ് സംഘടനയിൽപെട്ടയാൾക്ക് അന്യായമായി ജോലി ലഭിക്കാൻ പരീക്ഷാമൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടത്തിയെന്നു സ്ഥിരീകരിച്ചതോടെയാണു കഴിഞ്ഞ മാസം കേസ് റജിസ്റ്റർ ചെയ്തത്. അനധികൃത നിയമനം നൽകാൻ 58 മാർക്കിന്റെ 10 ചോദ്യങ്ങളാണു മൂല്യനിർണയം നടത്താതിരുന്നത്.
അദ്ദേഹം ഉത്തരം എഴുതാതിരിക്കുകയോ തെറ്റിക്കുകയോ ചെയ്ത ചോദ്യങ്ങളായിരുന്നു ഇവ. ഈ രീതിയിൽ തിരിമറി നടന്നില്ലായിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ പോലും അദ്ദേഹത്തിന് ഇടംലഭിക്കില്ലായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതായാണു വിവരം. മറ്റു പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച പരാതികളിലും എസ്ഐടി അന്വേഷണം നടത്തുന്നുണ്ട്. ഒരു ക്രമക്കേടിൽ കൂടി വൈകാതെ കേസ് റജിസ്റ്റർ ചെയ്യും.
പിഎസ്സി ആദ്യകേസിൽ തെളിവെടുപ്പ് പൂർത്തിയായി; 2 ഉദ്യോഗസ്ഥർ പ്രതികളാകും







