വാഷിങ്ടൻ/മസ്കത്ത്∙ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാറിന് തടസം സൃഷ്ടിച്ചാൽ ഒമാനിൽ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കവേയാണ് ട്രംപിന്റെ പ്രതികരണം.
ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ബോംബിടുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഹോർമുസ് വിഷയത്തിൽ അമേരിക്കയും സ്വന്തമായി ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് തനിക്ക് തിടുക്കമില്ലെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. യുഎസ് നാവിക ഉപരോധം ഇറാനുമേൽ പുതിയ സാമ്പത്തിക സമ്മർദം ചെലുത്തുന്നുണ്ടെന്നും ഇറാന് ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്നും ട്രംപ് ഉറപ്പിച്ചുപറഞ്ഞു.
അതേസമയം, ചെങ്കടലിൽ സൗദി അറേബ്യയുടെ സൈനിക ലാൻഡിങ് കപ്പലും അതിന് അകമ്പടി സേവിച്ച നാല് പട്രോളിങ് ബോട്ടുകളും ആക്രമിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. സൗദിക്കെതിരായ സമുദ്ര ഉപരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അവർ അറിയിച്ചു. മോഖ തീരത്തു വച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് സൗദി കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരീഅ് വ്യക്തമാക്കി.









