Headlines

സത്യം പറയുന്നത് അമേരിക്കയോ അതോ ഇറാനോ?; ആണവപദ്ധതികളിലും തർക്കം, കപ്പൽ പാതയിൽ ചർച്ചയ്ക്ക് ഒമാൻ

 

വാഷിങ്ടൻ/ടെഹ്റാൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാനും തമ്മിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ തർക്കങ്ങൾ ആഗോള തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നാളെയോടെ (ചൊവ്വാഴ്ച) പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിച്ചേക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് ഇറാനുമായി നിർണായക ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുമായി നേരിട്ട് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി.ഇറാനുമായുള്ള ചർച്ചകൾ രണ്ടു ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ട്രംപ് വിശദീകരിച്ചത്. ആദ്യ ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക, സമാധാനപരമായ ഗതാഗതം ഉറപ്പാക്കുക എന്നിവയും, രണ്ടാം ഘട്ടത്തിൽ ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കുന്നതും കരാറുകളിൽ ഒപ്പുവെക്കുന്നതും സംബന്ധിച്ച നിർണായക തീരുമാനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ ആരംഭിച്ചതെന്നും, ഇറാനു ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.അതേസമയം, വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ രംഗത്തെത്തി. നിലവിൽ അമേരിക്കയുമായി തങ്ങൾ നേരിട്ട് ഒരു ചർച്ചയിലും ഏർപ്പെടുന്നില്ലെന്നും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നാവികസേനയുടെ ഉപരോധവും സൈനിക നീക്കങ്ങളും നിലനിൽക്കുന്നിടത്തോളം കാലം ഈ മേഖലയിലെ യാഥാർഥ്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ഇറാൻ തുറന്നടിച്ചു.

 

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ നിലപാട് വ്യക്തമാക്കിയതോടെ, ഇറാൻ ഭരണകൂടം നയതന്ത്രപരമായി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വിമർശിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാഗ്വാദങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും, സൈനിക ആക്രമണങ്ങളിൽ നിന്ന് അമേരിക്ക താൽക്കാലികമായി പിന്മാറിയെന്ന വാർത്തകൾ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.