വാഷിങ്ടൻ∙ ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.‘‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂർണ സജ്ജമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ആക്രമണം നടത്താൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു കരാറിന്റെ അടിസ്ഥാന വിഷയങ്ങളിൽ ധാരണയായതിനാൽ, ആക്രമണത്തിൽ നിന്ന് തൽക്കാലം പിന്മാറാൻ ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും ഞങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടു കൂടിയതാണ് കരാർ. ഇറാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥനപ്രകാരം ലോകത്തിന്റെ ഭാവിക്കായി, ഇറാന്റെ നിലനിൽപ്പിനായി ആക്രമണം റദ്ദാക്കാൻ സമ്മതിച്ചു. വേഗത്തിൽ ഒരു കരാറിലെത്താമെങ്കിൽ മാത്രം എന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാമെന്ന് സമ്മതിച്ചത്. ഈ നിലപാടിൽ ഇസ്രയേലും എനിക്കൊപ്പമുണ്ട്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.









