Headlines

‘മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ പരിശോധിക്കണം, ഇത് എഐയുടെ കാലമല്ലേ’: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് പരിശോധിക്കണമെന്നും ഇത് എഐ ഉള്ള കാലമല്ലേയെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോഴൊന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലല്ലോ എന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. ജനതാദള്‍ നേതാവായിരുന്നു പ്രഭാതിനെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉപയോഗിക്കുകയാണ്. ചില അനാവശ്യ കാര്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ആളാണ് പ്രഭാതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. (k krishnankutty denied mathew kuzhalnadan’s allegations)

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ മാത്യു ടി തോമസും തള്ളിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ മൂലമാണ് പ്രളയമുണ്ടായത്. സ്പില്‍വേയുടെ ഷട്ടര്‍ തുറന്നില്ലെന്നത് തെറ്റായ ആരോപണമാണ്. എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നുമായിരുന്നു മോത്യു കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.