ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ നയതന്ത്രം വിജയം; റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി

 

റോം: ജി-20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് റോമിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാകും.

ഇന്ത്യയെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയം എന്നതിലുപരി ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക അവസ്ഥ തിരിച്ചുകൊണ്ടു വരുന്നതിനെയും സാമ്പത്തിക നിലയുടെ പുരോഗതിക്കും ഇത് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ജി-20 ഉച്ചകോടിയിൽ ചർച്ചയായി. ഗ്രീൻ എനർജിയുടെ പ്രോത്സാഹനത്തിനുവേണ്ടി പടിഞ്ഞാറൻ രാജ്യങ്ങൾ സഹായം നൽകണമെന്ന ഇന്ത്യയുടെ നിർദേശത്തിന് അംഗ രാജ്യങ്ങൾക്കിടയിൽ അഗീകാരം ലഭിച്ചു. മാത്രമല്ല ഊർജ ദുരുപയോഗം അവസാനിപ്പിക്കാനായി അംഗ രാജ്യങ്ങൾ ചേർന്ന് പ്രവർത്തിക്കാനായിയുള്ള ധാരണയും ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് രൂപപ്പെട്ടു.

ഇന്നലെയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ഉച്ചകോടി ആരംഭിച്ചത്. ചൈനയും റഷ്യയും വെര്‍ച്വലായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.