ഇന്ത്യൻ സമ്മർദം ഫലിച്ചു: കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി യൂറോപ്യൻ രാഷ്ട്രങ്ങൾ

 

കൊവിഷീൽഡ് വാക്‌സിൻ ഗ്രീൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയുടെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് നടപടി. ഓസ്ട്രിയ, ഗ്രീസ്, സ്ലോവേനിയ, ഐസ് ലാൻഡ്, സ്‌പെയിൻ, അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്.

ഇന്ത്യയുടെ അംഗീകൃത വാക്‌സിനുകൾക്ക് യൂറോപ്യൻ യൂനിയൻ അംഗികാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏതെല്ലാം വാക്‌സിനുകൾക്ക് അംഗീകാരം നൽകണമെന്ന കാര്യം അംഗ രാജ്യങ്ങൾക്ക് തീരുമാനിക്കാമെന്ന നിലപാടായിരുന്നു യൂറോപ്യൻ യൂനിയന്. എന്നാൽ കൊവിഷീൽഡിനും കൊവാക്‌സിനും അംഗീകാരം നൽകാൻ അംഗ രാജ്യങ്ങൾ തയ്യാറായിരുന്നില്ല. ഏഴ് രാജ്യങ്ങൾ തീരുമാനം മാറ്റിയതിന് പിന്നാലെ മറ്റ് രാഷ്ട്രങ്ങളും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.