ഇന്ത്യുടെ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന്റെ സ്വത്ത്: യുഎൻ സെക്രട്ടറി ജനറൽ

ആഗോള വാക്‌സിൻ ക്യാമ്പയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന് ഇന്നുള്ള മികച്ച സ്വത്താണെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിനുവേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഉത്പാദന ശേഷി പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ഗുട്ടാറസ് പറഞ്ഞു

അയൽ രാഷ്ട്രങ്ങൾക്ക് ഇന്ത്യ 55 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടാറസിന്റെ പ്രസ്താവന. മാലിദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ്, ബഹ്‌റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, സീഷെൽസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് ഇന്ത്യ കൊവിഡ് വാക്‌സിനുകൾ നൽകിയത്.

അയൽ രാഷ്ട്രങ്ങൾക്ക് പുറമെ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിലും ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ കയറ്റുമതി ചെയ്യും.