50 ലധികം പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ലൈംഗീകമായി അധിക്ഷേപിച്ചു; വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്

കെയ്‌റോ: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരായി ലൈംഗീക അധിക്ഷേപം നടത്തിയതിന് ഈജിപ്തിലെ കെയ്റോയില്‍ വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി. മൂന്ന് വര്‍ഷത്തേക്ക് ഈ വിദ്യാര്‍ഥിയെ ജയിലിലടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന അഹമ്മദ് ബസാം സാക്കിക്കെതിരായാണ് കേസ്. 20 വയസ്സുകാരനായ പ്രതിക്കെതിരെ 50 ലധികം സ്ത്രീകളാണ് ലൈംഗിക കുറ്റകൃത്യം ചൂണ്ടിക്കാട്ടി കേസ് നല്‍കിയിരിക്കുന്നത്

അഹമ്മദ് ബസ്സാം സാകിക്കെതിരെ ആദ്യം പരാതി ഉയര്‍ന്നത് 2018ലാണ്. പെണ്‍കുട്ടിയെയും, സുഹൃത്തുക്കളെയുമടക്കം അമ്പതു പേരെയാണ് ലൈംഗീകമായി അധിക്ഷേപിച്ചതെന്ന് ഈജിപ്ഷ്യന്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു. ലൈംഗീകമായി അധിക്ഷേപിക്കല്‍, ബ്ലാക്ക് മെയില്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മീ ടു മൂവ്‌മെന്റിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം തുറന്നുപറഞ്ഞതും പിന്നീട് നിയമപരമായ നടപടികളിലേക്ക് കേസ് നീങ്ങിയതും.