ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 16 മരണം

ബെയിജിങ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖനിയില്‍ കുടുങ്ങിയ 16 തൊഴിലാളികളും മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

ഇന്ന് പുലര്‍ച്ചെ 12: 30 ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം 17 ഖനി തൊഴിലാളികള്‍ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള 16 പേര്‍ ഭുമിക്കടിയില്‍ അകപ്പെടുകയായിരുന്നു. അതില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഖനിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കൂടുതലുള്ളതായി കണ്ടെത്തി.

 

ചൈനയില്‍ സ്വകാര്യ മേഖലയിലെ ഖനികളില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഡിസംബറില്‍ തെക്കന്‍ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ ഏഴുപേര്‍ മരണപ്പെടുകയും മൂന്നപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ ഷാങ്‌ടോങ് മേഖലയില്‍ ഉണ്ടായ അപകടത്തില്‍ 21 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം കല്‍ക്കരി ഖനിയില്‍പെട്ട് 75 പേര്‍ മരണപ്പെട്ടിരുന്നു. അതേസമയം, ഓരോ വര്‍ഷവും 28.7 % അപകടങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് ചൈനയിലെ നാഷനല്‍ കോയല്‍മൈന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പറയുന്നത്.