മൈക്കൽ ജാക്സൺ ഓർമയായിട്ട് 11 വർഷം

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം. ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ല. പ്രസിദ്ധിക്കൊപ്പം വിവാദങ്ങളും നിറഞ്ഞതായിരുന്നു ജാക്‌സന്‍റെ ജീവിതം.

മൈക്കലിന് കണ്ണാടി നോക്കാന്‍ പേടിയായിരുന്നു. ഈ വൃത്തികെട്ട മുഖം കാണാന്‍ ,കണ്ണാടിയില്‍ നോക്കാന്‍ നിനക്ക് നാണമില്ലേ?കുഞ്ഞു മൈക്കിളിനോട് പിതാവ് ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഓപ്ര വിന്‍ഫ്രിയുമായി ലിവിങ് വിത് മൈക്കിള്‍ ജാക്‌സണ്‍ എന്ന അഭിമുഖത്തില്‍, തന്‍റെ നിറമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് മൈക്കള്‍ ജാക്സന്‍ പറയുമ്പോള്‍ മുഖം മറച്ച് അദ്ദേഹം കരഞ്ഞു. അയാളുടെ മുഖമൊന്നു കാണുവാന്‍ , ഒന്നു തൊടാന്‍ ഒരു ഞൊടിയിട നേരമെങ്കിലും ആ പാട്ടൊന്നു കേള്‍ക്കാന്‍ ലോകം പിന്നീട് കാത്തിരുന്നു എന്നത് ചരിത്രം.

അഞ്ചു സഹോദരരുടെ പോപ്പ് സംഘമായ ജാക്‌സൻസ് ഫൈവ് മോടൊൺ എന്ന പ്രശസ്‌ത റെക്കോർഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോല്‍ പ്രധാനഗായകനായ മൈക്കൽ ജാക്‌സനു പ്രായം 9 വയസ്. ജാക്‌സൻ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ മൈക്കൽ ജാക്‌സന്‍റെതായി മാറി. അപ്പോഴേക്കും ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സൻ. 1969ൽ അമേരിക്കയിൽ ഇറങ്ങിയ മികച്ച പത്ത് പോപ് ഗാനങ്ങളിൽ നാലും മൈക്കലിന്റേതായിരുന്നു. സംഗീതലോകത്തിലാദ്യമായി, ഒരു പതിനൊന്നുകാരൻ കൈവരിച്ച ഏറ്റവും വലിയ നേട്ടം. പിൽക്കാലത്ത് ‘ആർട്ടിസ്‌റ്റ് ഓഫ് ദ് മിലേനിയം’ വരെ നേടാനിരിക്കുന്ന ഒരാൾക്കു കിട്ടിയ ആദ്യ പുരസ്‌കാരം. മൈക്കിള്‍ ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിർത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ

ജാക്സനിലേക്ക് കൂടുകൂട്ടി. സംഗീതത്തിന്‍റെ മറുപേരായി മാറിയിരുന്ന ബീറ്റിൽസിനെ പോലും കടത്തിവെട്ടി ജാക്സന്‍റെ ഈണങ്ങൾ . നൃത്തവും പാട്ടുമായി അലിഞ്ഞു ചേർന്ന് പോപ്സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകര്ക്ക് അയാള്‍ ലഹരിയായി.

2009 ജൂൺ 25 ന് മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിട പറയുമ്പോൾ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്‍റെ ആ മൂണ്‍ വാക്കുകള്‍ അവസാനിക്കുന്നില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി അന്നും ഇന്നും സിരകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.