ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന് ഇസ്രായേൽ-പലസ്തീൻ അതിർത്തിയിൽ ശമനമാകുന്നു. വെടിനിർത്തലിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ട്. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഉപാധികളില്ലാതെ വെടിനിർത്തൽ നിലവിൽ വന്നുവെന്ന് ഹമാസും പ്രതികരിച്ചു
അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായത് എന്നാണ് സൂചന. ലോക രാഷ്ട്രങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ഹമാസും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.
പതിനൊന്ന് ദിവസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനാണ് ഇതോടെ അവസാനമാകുന്നത്. ഈജിപ്ത് മുൻകൈ എടുത്തു നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്ന് ഇസ്രായേൽ പിന്നീട് വാർത്താ കുറിപ്പ് ഇറക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.
11 ദിവസമായി തുടർന്ന സംഘർഷത്തിൽ 100 കുട്ടികളും സ്ത്രീകളും അടക്കം 232 പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഇസ്രായേലിൽ മലയാളി യുവതി സൗമ്യ അടക്കം 12 പേരും കൊല്ലപ്പെട്ടു.