തങ്ങളുടെ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസർ. മൂന്നാംഘട്ട പരീക്ഷണത്തിന്റെ അന്തിമ പരിശോധനയിൽ വാക്സിൻ ഫലപ്രദമാണെന്നു കണ്ടെത്തിയെന്നാണു കമ്പനി അറിയിച്ചത്. മുതിർന്ന ആളുകളിലും ഗുരുതര രോഗമുള്ളവരിലും വാക്സിൻ പരീക്ഷിച്ചപ്പോൾ അണുബാധയുണ്ടായില്ലെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു.
കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസർ നേരത്തെ അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാൽ മാത്രമേ വാക്സിൻ പുറത്തിറക്കാനാവൂ.