മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ നിർമ്മിച്ചത്.
വാക്സിൻ മനുഷ്യർക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതിൽ വിജയിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.