നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും

 

കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെതടവറയിൽ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെയും താലിബാൻ തുറന്നുവിട്ടു. ഐഎസില്‍ ചേരാന്‍ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.

രണ്ടാം ഘട്ടത്തിലാണ് നിമിഷ ഫാത്തിമയെയും കൂട്ടരേയും താലിബാൻ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഭർത്താക്കന്മാർ മരിച്ച ശേഷം യു.എസ് സൈന്യത്തിന് മുൻപ് കീഴടങ്ങിയ ഇവർ അഫ്‌ഗാനിലെ ജയിലിലായിരുന്നുകഴിഞ്ഞിരുന്നത്. ഇവര്‍ നിലവിൽ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യപ്രവർത്തകരെ താലിബാന് ആവശ്യമുണ്ട്. ആയതിനാൽ ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ആരോഗ്യപ്രവർത്തനത്തിനായി നിയോഗിക്കുമെന്നാണ് റിപ്പോർട്ട്.

ഐഎസ് സംഘട്ടനങ്ങളിൽ ഭർത്താക്കൻമാർ കൊല്ലപ്പെട്ട മലയാളികളായ ഇവർ 2019 കളിലാണ് അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. ഇവരെ അഫ്ഗാൻ തടവിലാക്കുകയായിരുന്നു. നിമിഷ ഫാത്തിമയ്ക്കും കൂട്ടാളികൾക്കും ഇന്ത്യയിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോയെന്ന കാര്യത്തിൽസംശയമുണ്ട്. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയതിനെ തുടർന്ന് ഇവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രം അനുകൂല നിലപാട് അല്ല സ്വീകരിച്ചിരിക്കുന്നത്.